ഭൈരവി



ഭൈരവി .... വിശ്വ വിഭ്രാന്തിയുടെ മായാ പ്രപഞ്ചം സൃഷ്ടിക്കുന്നവൾ ..

അങ്ങനെ ഒരു പടയണി കാലം കൂടി അടുക്കുകയായി..

 കാവ് തോറും പ്രകമ്പനം കൊള്ളുന്ന സ്വര വിന്യാസം  ഇടനെഞ്ചു തുടിക്കുന്ന മുറുക്കിയ  തുകലിന്റെ നാദം .ഇരുൾ തുളഞ്ഞു കാളുന്ന  അഗ്നിക്കു ഉണ്ടാകുന്ന രൂപഭേദം അനേകം കണ്ഠങ്ങളിൽ നിന്നും ഉയരുന്ന കൂകി വിളികളും എന്ന് വേണ്ട യുദ്ധ സമാനമായിരിക്കുന്നു പ്രദേശം. ഇത് അനിർവചനീയം ആണ് എന്നാൽ ഇതാണോ പടയണി  ? ആകണമെങ്കിൽ  അത് അനുഭവവേദ്യമാകണം. അന്നേരവും ഒരു സംശയം മാത്രം ഇന്നും അവശേഷിക്കുന്നു.
ഈ കോലാഹലത്തിൽ എന്ത് സാധനയാണ് നടക്കുന്നത് .

ഈ ജിജ്ഞാസയുടെ മഹാലോകത്തു ഉത്തരമില്ലാതെ അത് ഇന്നും  അവശേഷിക്കുന്നു എന്നാലും അന്വേഷണങ്ങൾക്ക് ഞാൻ ഒരു ഭാവം കൊടുത്തു കാരണം ഇത് എന്റെ ഉള്ളിൽ നടക്കുന്ന പടയണി ആണ് എന്റേത് മാത്രം!!!!

ഇത് ഒരു കലയാണോ എന്ന് ചോദിച്ചാൽ അതെ ഇത് ഒരു കല തന്നെ ആണ് പ്രപഞ്ച കല . ആ പ്രപഞ്ച കലക്ക് ഭാഷ്യം ചമയ്ക്കുന്ന ഒരു ഗൂഢ വിദ്യ തന്നെ ആണ് പടയണി .
വർണ്ണനാതീതമായ പ്രപഞ്ച ശക്തിയെ വർണ്ണങ്ങളാൽ പഞ്ചഭൂത കല്പനക്കൊത്തു "കണിയായവൻ" കാലം തീർക്കുമ്പോൾ ആദ്യത്തെ സംശയം രൂപം കൊണ്ടു . ഇതെല്ലാം വെറും വരകളല്ലേ ????  ചോദ്യത്തിന് മുൻപേ ഉത്തരം എത്തി "അതെ ഇതെല്ലാം വരകളാണ് വെറും വര അല്ല തലവര"  ... മറുപടി സ്വീകരിച്ചു  ചിരിച്ചുകൊണ്ടു  പിൻവാങ്ങി  കുറെ നാള് കഴിഞ്ഞാണ് അതിന്റെ പൊരുളെനിക്ക് പിടികിട്ടിയത് .

എനിക്ക് തന്ന മറുപടിയിൽ 2 ഉത്തരം ഉണ്ടായിരുന്നു എന്ന് എനിക്ക് മനസ്സിലായി
* ഒന്ന് ഇത് കുലത്തെ സംബന്ധിക്കുന്നതാണ്  ഇത് എൻ്റെ ധർമ്മം. അതാണ് ഞാൻ നിറവേറ്റുന്നത്  അതിലേറെ എന്നെ വിസ്മയിപ്പിച്ചത് രണ്ടാമത്തെ ഉത്തരം ആയിരുന്നു ഒരു കുട്ടി ആദ്യം ജനിക്കുന്നത് ആ പിതാവിന്റെ ബോധമണ്ഡലത്തിലാണ് അവിടെ ആദ്യത്തെ സൃഷ്ടി നടന്നു കഴിഞ്ഞു എന്നപോലെ ആ "തലവര" എനിക്ക് നന്നേ അങ്ങ് ബോധിച്ചു. പിന്നെ കുറിക്കുന്ന ഓരോ വരയ്ക്കും അർത്ഥതലം അതിന്റെ വ്യാപ്തി അത് ദൃഷ്ടി  ഗോചരമാക്കുന്ന രീതി ചിലതു നമ്മൾ കാണാതെ ഉള്ളിൽ ഒളിപ്പിക്കുന്നു ചിലതു പലരീതിയിൽ കാണുന്നു ത്രിമാനവും പ്രസരണവും  അംശം അങ്ങനെ പലതും.......ഇന്നും പൂർണ്ണമാകാതെ പലതും  പുകമറക്കുള്ളിൽ തന്നെ.  

ഇത് ഒരു ചുടല ആണ് വിദ്യയും അവിദ്യയും രൂപിയും അരൂപിയും ഭാവവും ഭേദവും വർഗ്ഗവും വർണ്ണവും  എല്ലാം എരിഞ്ഞടങ്ങുന്ന മഹാ ശ്മശാനം ഇവിടുത്തെ നിയമം കാലം ആണ് ആ കാലം പോലും അവളുടെ വരുതിയിലാണ് ഈ ചുടലയിലാണ് കാലാന്തകി കാല പാശം ഖണ്ഡിച്ചത് അവിടെ ശംഭു ഒരു ഉപാധി മാത്രം   ആദ്യ അഞ്ചിന് അവസാനം ആറാമത്തേതു ആടി ഈ ചുടലയിൽ അവളുടെ പാദത്തിൽ ലയിക്കുന്നു.

"അഖണ്ഡഭൂമിമണ്ഡലൈകഭാരധീരധാരിണീം
സുഭക്തിഭാവിതാത്മനാം വിഭൂതിഭവ്യദായിനീം
ഭവപ്രപഞ്ചകാരിണീം വിഹാരിണീം ഭവാംബുധൌ
ഭവസ്യഹൃദയഭാവിനീം ഭജാമി ഭൈരവീം സദാ"

മനോഹരിയാണ് ഭൈരവി നാനാരൂപധരി ആണ് എന്നാൽ നിരാകാരയും ആണ്  അവൾ അതിമനോജ്ഞയും പ്രപഞ്ചത്തിനു കാരണഭൂതയും ആകുന്നു  .കാലകാലന്റെ സുന്ദരിക്ക് രൂപം ചമക്കുവതെങ്ങനെ? എന്താണ് ആ രൂപം? .ത്രികോണാകൃതിയിൽ കൂട്ടുന്ന ചട്ടത്തിൽ പതിനാറും അമ്പത്തൊന്നും അറുപത്തിനാലിലും നൂറ്റിയൊന്നിലും അങ്ങനെ അവസാനം ആയിരത്തിയൊന്നിലും ഉടക്കി വീഴ്‌ത്തുന്ന പ്രപഞ്ച ശക്തിയുടെ പ്രസ്ഫുരണങ്ങൾ… മധ്യത്തിൽ  ബിന്ദു സാമാനം അഗ്നിവർണ്ണം ആ അഗ്നിയിൽ നിന്നും ജ്ഞാനരൂപേണ  പ്രസരിക്കുന്ന ഊർജ്ജം  ഇതളുകളായി വിരിഞ്ഞു നാഗലത ചുറ്റിപിണച്ചു ഊർദ്ധഗമനം ചെയ്തു മുകളിൽ സമ്മേളിച്ചു അധോഗമനത്തിൽ ഏറ്റുന്ന സാധകനിൽ അമൃതവര്ഷം പൊഴിച്ച് 'അമ്മ അനുഗ്രഹിക്കുന്നു. കൈവല്യാനുഭൂതിയിൽ കുറഞ്ഞത് ഒന്നും ആ സാധകന്  ലഭിക്കുകയില്ല കാരണം ഈ ചുവടു   ആസ്വദിക്കാനുള്ളതല്ല പകരം അനുഭവിക്കാനുള്ളതാണ്.
ഇനി ഇതൊന്നും അല്ല  എയ്ൻസ്റ്റീൻ പറഞ്ഞാലേ  ഇതൊക്കെ നമുക്ക്  വിശ്വാസം വരൂ എങ്കിൽ . ഭൗതികത്തിൽ നിന്ന് മാറി ദർശനത്തിൽ ഇതിനെ വിവക്ഷിച്ചാൽ
 ''E = mc² '' എന്നാൽ ദ്രവ്യവും ഊർജവും ഏകമായ പരമസത്യത്തിന്റെ ദ്വൈതാവതരണം മാത്രമാണ്‌ . മറ്റൊരു ഭാഷയിൽ പറഞ്ഞാൽ “ ശിവശക്ത്യാ യുക്തോ യദി ഭവതി ശക്തഃ പ്രഭവിതും ന ചേദേവം ദേവഃ ന ഖലു കുശലഃ”

അങ്ങനെ ആ മായാ ഭഗവതി ആയിരത്തേരിലേറി ആടി ഉലഞ്ഞു നമ്മളിലേക്ക്  അടുക്കുമ്പോൾ   ആപാദ ചൂഢം ഒരു തരിപ്പ് അനുഭവപ്പെടും അതിൽ എല്ലാം മതിമറന്നു നിൽക്കുമ്പോൾ ആ അമൃതവര്ഷിണി ധാരയായി നേത്രങ്ങളിൽ നിന്നും  ആ കാഴ്ചയെ പതിയെ പതിയെ മറയ്ക്കും.
പടയണി എന്നാൽ ആസ്വാദനം അല്ല അനുഭൂതി ആണ് . ആ വിഭ്രാന്തിയുടെ മായാപ്രപഞ്ചത്തിൽ നിന്ന് അനുഭവിച്ചു മടങ്ങുക.
ഇത് ഒരു പൂർണ്ണമായ എഴുത്തൊന്നും അല്ല എന്തൊക്കെയോ വലിച്ചു വാരി എഴുതിയിരിക്കുന്നു കാരണം എന്നിലും ഇതേ അവസ്ഥയിൽ ആണ് ഇത് കിടക്കുന്നതു ഒരു അടുക്കും ചിട്ടയും ഇല്ലാതെ .
ഇത് എൻ്റെ ഉള്ളിലെ പടയണി........

Comments