വിശ്വനാഥ ലയം



വിശ്വേശം മാധവം ധുണ്ഡിം ദണ്ഡപാണിം ച ഭൈരവം
      വന്ദേ കാശീം ഗുഹാം ഗംഗാ  ഭവാനീം മണികര്‍ണികാം

ഒരു യാത്രാ വിവരണം അല്ല. എന്തെന്നാൽ പദാവലികൾ കൊണ്ട് വർണ്ണിക്കാൻ സാധ്യമല്ല വിശ്വനാഥനഗരി കാരണം എവിടെ പദം ഒടുങ്ങുന്നുവോ അതാണ് കാശി....
 അവിടെ എന്തുണ്ട് എന്ന് ചോദിച്ചാൽ ഉത്തരമില്ല പക്ഷെ  വാക്കുകൾക്കും  വർണ്ണനകൾക്കും
 അതീതമായി  എന്തോ അന്തര്ലീനമായതു  അവിടെ  നമ്മെ ഭ്രമിപ്പിക്കുന്നു.
അനേകം കാഴ്ചകൾ നമ്മുടെ കണ്ണുകൾക്കുമുന്നിലൂടെ മറയുമ്പോൾ അതിന്റെ പ്രതിഫലനം നമ്മുടെ ബോധമണ്ഡലത്തിൽ എത്തിപ്പെടാനെടുക്കുന്ന സമയത്തിന് മുൻപേ നമ്മൾ കാശി വിട്ടിരിക്കും . വീണ്ടും അവിരാമമായി കിടക്കുന്ന ആ കാഴ്ചയുടെ ഭാവതലങ്ങളിലേക്കു എത്താനുള്ള ഭ്രമം ആയിരിക്കാം വീണ്ടും കാശി വീണ്ടും കാശി ......

ഗുപ്തമാണ്‌ വിശ്വനാഥാഭൂമിക നിഗൂഢതകൾ നിറഞ്ഞ മായാപ്രപഞ്ചം ആവരണം ചെയ്യപ്പെട്ടതിനുള്ളിൽ അതി നിഗൂഢമായ എന്തോ ഒന്ന് മറച്ചു വെച്ചിരിക്കുന്നു അവിടെ ഞാൻ നിസ്സഹായനാണ് .മായയെ നീക്കും അക്ഷി തുറക്കാൻ സാധിച്ചവൻ കാശിയെ ഉള്ളിൽ ധരിക്കുന്നു .
പിന്നെ  ഒന്നും നോക്കാനില്ല അനിയന്ത്രിതമായി ഒഴുകുന്ന ആ ജനപ്രവാഹത്തോടൊപ്പം ഒഴുകിയിറങ്ങുക അതിൽ അനവധി രൂപങ്ങൾ സാധാരണക്കാരും ഭസ്മം പൂശിയവരും ജടാമകുടം ധരിച്ചവരും രുദ്രക്ഷമാലാ വിഭൂഷിതരും പശുവും കാളയും ശ്വാനനും എന്ന് വേണ്ട സർവ്വതിനേയും നമുക്ക് അവിടെ ദർശിക്കാൻ സാധിക്കും .
ഈ കാലഘട്ടത്തിൽ കാശിയിൽ പോകുക എന്നത് വലിയ ബുദ്ധിമുട്ടൊന്നും ഇല്ലാത്ത കാര്യമാണ് .പക്ഷെ കാശിയെ എങ്ങനെ ഉൾക്കൊള്ളുക എന്നതിലാണ് കാര്യം .
എന്നെ സംബന്ധിച്ചിടത്തോളം ഈ യാത്ര ഒരു നിയോഗം ആണ് ചില സംശയങ്ങൾക്കുള്ള മറുപടി ഈ യാത്രയിൽ നിന്നും ലഭിക്കും എന്ന വിശ്വാസമായിരുന്നു ലക്‌ഷ്യം .പക്ഷെ ചെന്ന് വീണതോ ജിജ്ഞാസയുടെ മഹാലോകത്തേക്കു .കാണാതെ കാണുക എന്ന് പറഞ്ഞാൽ ഉൾകൊള്ളാൻ ബുദ്ധിമുട്ടാകും എന്നാൽ അങ്ങനെ ഒരു പ്രതിഭാസം തന്നെ മായഭാഗവതി ഒരുക്കിവെച്ചിട്ടുണ്ട് .ബാല്യകാലത്തിൽ കണ്ട ചില കാഴ്ചകൾ ഇടക്ക് വെച്ച് മറഞ്ഞു പോയെങ്കിലും അത് അദൃശ്യമായി എന്നോടൊപ്പം തന്നെ വളർന്നിരുന്നു .കാശി സത്യമാണെടോ സത്യമല്ലാത്തതൊന്നും അവിടെ ദർശിക്കാൻ കഴിയില്ല .
ഈ തപോഭൂമി ദർശിക്കണമെന്നുണ്ടെങ്കിൽ മഹാ കാലന്റെ കാവൽക്കാരനായ കാലഭൈരവന്റെ അനുജ്ഞ ആവിശ്യമാണ് .അത് വാങ്ങി കാശിയിൽ ചുറ്റി തിരിയുക ഈ നഗരത്തിന്റെ മുക്കും മൂലയും ആ ദൃഷ്ടിയിൽ  വിലയം കൊള്ളുന്നു . ഭടുകനും മാടനും ഒക്കെ കേട്ട് ശീലിച്ച നാമങ്ങൾ .മാടൻ എന്താണ് എന്നൊക്കെ ഈ ബുദ്ധിക്കു മനസിലാക്കാൻ ശ്രമിച്ച കാലങ്ങൾക്കു ഇത്രത്തോളം അന്തരം ഉണ്ടാകും എന്ന്  കരുതിയത് അടുത്ത കാലത്താണ് കാവുകളിലെ അനുഷ്ഠാനമായ പടേനിയിൽ പഞ്ചകോലങ്ങളിൽ
  കയ്യിൽ ദണ്ഡും തീയുമേന്തി വരുന്ന മാടസ്വാമിയോട് ഒരു അഭ്യര്ഥനയുണ്ട്        "നീറുപൂശി നടപ്പോരേ കൊല്ലരുതേ നല്ല നല്ല മനുഷ്യരെ കൊല്ലരുതേ "
ഇന്ന് ഈ നീറുപൂശുന്നവരെ കാണണമെങ്കിൽ ഇങ്ങു ഉത്തര ഭാരതത്തിലേക്ക് വരേണ്ടി വരും.

ഈ പ്രപഞ്ചത്തിലെ ഏറ്റുവും വലിയ സത്യത്തെ പേറുന്നവളുടെ മടിയിൽ ഇരിക്കണം "മാ ഭവാനി മണികർണ്ണികാ "  അവിടെ ആ എരിയുന്ന ചിതകളെ  നോക്കി ഇരിക്കണം ദൃശ്യാ അദൃശ്യമായി ചിതകളിൽ ഉയരുന്ന  അവളുടെ ജിഹ്വയെ ഉള്ളിൽ കാണണം. ആ കാല ജിഹ്വക്കു എത്തിപ്പിടിക്കാൻ കഴിയാത്തതായി ഒന്നും ഇല്ല  അവളുടെ അനക്കം തട്ടാതെ ചലനമില്ലാതെ ഒന്നിനും സാധ്യമല്ലാതെ മഹാ കാലൻ പോലും ആ പാദത്തിനു താഴെ കാലാന്തകി... നിന്നെ അറിയാതെ നിന്റെ കഥയറിയാതെ നീ ചെയ്തത് ശിവനെന്നു ധരിച്ചു  ആടിയിട്ടുണ്ട് പല കളങ്ങളിൽ അറിയാൻ വൈകുമ്പോൾ അരുളായി ഉള്ളിൽ തെളിയും കാലം നീയേ '"അമ്മാ" . ആ മഹാശ്മശാനത്തിൽ  ഇരിക്കുമ്പോൾ ആദ്യം ഉണ്ടായതു അവസാനം ഉണ്ടാകാൻ പാടില്ല  ഇരുന്നു ഇരുന്നു അതിനു അറുതി വരുത്തണം വിരക്തിയിൽ നിന്നും ആസക്തി ഉണ്ടാകുന്നതു വരെ അവളെ ധ്യാനിക്കുക  അതാണ് യഥാർത്ഥ വിദ്യാഭ്യാസം എല്ലാം ഒടുങ്ങുന്നടത്തു നിന്നും തുടങ്ങുക .
ബ്രഹ്മകമണ്ഡലുവിൽ നിന്ന് ജ്ഞാനരൂപേണ പ്രവഹിക്കുന്ന ആ മഹാദേവി ശിവമൂടിയിൽ നിന്നും താഴേക്ക് പതിച്ചു ദൃഷ്ടിഗോചരമായി നമ്മുടെ മുന്നിലൂടെ ഒഴുകുന്നു .അതിൽ മുങ്ങി നിവർന്നു പിതൃ തർപ്പണങ്ങൾ ചെയ്തു  വിശ്വനാഥനെയും അന്നപൂർണേശ്വരിയെയും വിശാലാക്ഷിയെയും  ദർശിച്ചു അമ്മയുടെ ഒരു നേരത്തെ അന്നവും ഭുജിച്ചു കാശിയിൽ അലയുക ഇതിനോളം അനുഭൂതി ഒരു യാത്രയിലും കിട്ടിയിട്ടില്ല .

ഈ യാത്രക്ക് അവസാനം  ശാരീരികമായ കുറെ ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ട്  കാരണം ശാസ്ത്രം പറയും പോലെ എന്തിനും ഒരു ( equal & opposite reaction ) ഉണ്ടാകുമല്ലോ കൊടുക്കലും വാങ്ങലും ശീലിക്കാൻ ശരീരത്തെ പാകപ്പെടുത്തി കൊണ്ടുപോകാൻ മനസ്സ് അനുവദിക്കുന്ന ഇടത്തോളം ഉൾക്കൊള്ളുക അത്ര മാത്രം .

കാശിയാത്ര പോകണം എന്ന്‌ എൻ്റെ ഉള്ളുണർത്തിയ ആ ചൈതന്യത്തിനു മുന്നിലും  ഉപാധിയായി കൂടെ എനിക്ക് മാർഗ്ഗനിർദ്ദേശം തന്ന എല്ലാം എല്ലാമായ ആ ജടാചാരിക്കു മുന്നിലും എൻ്റെ സാഷ്ടാംഗ പ്രണാമം .

 *** കാശി എന്നാൽ ലയം വെറും ലയം അല്ല വിശ്വനാഥ ലയം ***
         
            ഭൈരവം ദംഷ്ട്രാകരാലം ഭക്താഭയകരം ഭജേ
            ദുഷ്ടദണ്ഡശൂലശീര്‍ഷധരം വാമാധ്വചാരിണം
            ശ്രീകാശീം പാപശമനീം ദമനീം ദുഷ്ടചേതസഃ
            സ്വനിഃശ്രേണിം ചാവിമുക്തപുരീം മര്‍ത്യഹിതാം ഭജേ

Comments